Tuesday, October 22, 2013

"ഞാന്‍ പുനര്‍ജ്ജനിക്കുന്നു, ഈവയായി.

"ഞാന്‍ പുനര്‍ജ്ജനിക്കുന്നു, ഈവയായി.
വംശീയഹത്യാധിപനായ ഹിറ്റ്ലറുടെ ഹൃദയമണിഞ്ഞ ഈവ ബ്രൌണ്‍ ആയി. ഒരു നഗരത്തിനെ ചുട്ടെരിക്കാനുള്ള അഗ്നി എന്നിലില്ല, പക്ഷേ അതേ ചൂട് ഉള്ളില്‍ വഹിക്കുന്ന ഒരുവനെ അകമേ പേറുന്ന ഒരുവളുടെ നിസ്സഹയാവസ്ഥയിലല്ല ഞാന്‍ .കാരണം ഞാനൊരു പ്രണയിനിയാണ്. പ്രണയത്തിന്‍റെ അഹങ്കാരത്തില്‍ അഭിരമിക്കുന്നവള്‍ .ലോകം വിറപ്പിക്കുന്ന ഒരുവന്‍റെ ദുര്‍ബലത എന്നില്‍ അവസാനിക്കുമ്പോള്‍ എനിക്ക് അഹങ്കരിക്കാം.

നിനക്കെന്നെ ഇഷ്ടമല്ലെന്നു പറയാം. ശ്രദ്ധിച്ചില്ലെന്നു പറയാം, എന്നിരുന്നാലും പ്രിയനേ നീ എന്നെ നോക്കുന്ന ഒരു കാഴ്ച്ചയ്ക്കു വേണ്ടിയാണ്, ഒരു അഗ്നിഗോളം ഞാന്‍ സ്വയമുതിര്‍ത്തത്. ഒരേ നഗരത്തിലെ രണ്ട് വ്യത്യസ്ത വ്യക്തികള്‍ . സാമൂഹിക വ്യതിയാനങ്ങളില്‍ വേറിട്ടു ജീവിക്കുന്നവര്‍. നിന്‍റെ രാഷ്ട്രീയത്തിന്, ഞാനൊരിക്കലും എതിരു നിന്നിട്ടുമില്ലല്ലോ.
എങ്കിലും നീയുമെന്നെ ഇഷ്ടപ്പെട്ടു തുടങ്ങിയത് ഞാനറിഞ്ഞിരുന്നു.
നിന്‍റെ നഗരം നിന്നെ ശപിക്കുന്നത് കാണുവാനുള്ള മനോബലം ഇല്ലാത്തതു കൊണ്ടു മാത്രമല്ല, ഞാനൊരിക്കലും അവിടേയ്ക്ക് നിന്നോടൊപ്പം വരാഞ്ഞത്, പ്രിയനേ നിന്‍റെ അഹങ്കാരങ്ങളില്‍ എനിക്ക് അഭിമാനമുണ്ട്, അത് ഒരിക്കലും തകര്‍ന്നു പോകരുതെന്നുള്ള മോഹം. ആ അഭിമാനം നമ്മുടെ മരണം കൊണ്ട് നീ സംരക്ഷിച്ചു നിര്‍ത്തി. മണിക്കൂറുകള്‍ക്ക് മുന്‍പ് മാത്രം നീയെനിക്കു നല്‍കിയ അധികാരപ്പട്ടത്തിന്‍റെ നീര്‍ക്കുമിള പോലെയുള്ള ആയുസ്സ് നിന്നില്‍ തന്നെ പിടഞ്ഞു തീരുന്നത് ഉള്ളില്‍ സങ്കടത്തോടെയെങ്കിലും ആനന്ദത്തോടെ ഞാന്‍ അനുഭവിച്ചു...
 പ്രിയ ഹിറ്റ്ലര്‍ ഞാനിവിടെ പുനര്‍ജ്ജനിച്ചിരിക്കുന്നു. "

പ്രണയത്തിന്‍റെ അന്ധത ബാധിക്കപ്പെട്ട ചില ആത്മാവുകളുണ്ട്. അതിങ്ങനെ അലഞ്ഞു തിരിഞ്ഞുകൊണ്ടേയിരിക്കും, തന്‍റെ മറുപാതിയെ കിട്ടുന്നിടത്തു വച്ച് അവരുടെ സഞ്ചാരം ഒടുങ്ങും. ഈവ ബ്രൌണ്‍ എന്നാ സ്ത്രീ അതിഭ്രാന്തമായി അലഞ്ഞു നടന്നവളായിരുന്നു. ഹിറ്റ്ലര്‍ എന്ന നാസിസ്റ്റ് പ്രഭു സൈനിക സേവനം മതിയാക്കി മ്യൂണിച്ചില്‍ വന്ന താമസമുറപ്പിച്ചത് എന്തിനായിരുന്നുവെന്ന് ഈവയ്ക്കറിയം, അതുകൊണ്ടാണല്ലോ ഹിറ്റ്ലറുടെ പ്രണയത്തെ തന്നിലേയ്ക്കാകര്‍ഷിക്കാന്‍ വേണ്ടി അവള്‍ സ്വയം വെടിയുതിര്‍ത്ത് ഹത്യയ്ക്ക് ശ്രമിച്ചത്.  അതൊരു വൈകരിക അവസ്ഥയാണ്. പ്രണയിക്കുന്നവനു വേണ്ടി ജീവനെ പോലും കളയാന്‍ മടിയില്ല എന്ന ഉന്‍മാദ ചിന്ത അതേ അവസ്ഥയിലുള്ള ഒരുവള്‍ക്ക് ഉണ്ടാകാന്‍ എളുപ്പമാണ്. അതുകൊണ്ടു തന്നെ മാര്‍ക്സിസ്റ്റുകള്‍ പറയുന്നതു പോലെ ഹിറ്റ്ലര്‍ എന്ന താരത്തിനോടുള്ള ഭയവും ആരാധനയും കലര്‍ന്ന ഒരിഷ്ടം മത്രമയിരുന്നില്ല അത്. 

ആരാലും ആരാധിക്കപ്പെടാനില്ലാതെ ഒറ്റപ്പെട്ട ഒരു തുരുത്തില്‍ ഏകാകിനിയായി കഴിഞ്ഞ ഈവ എന്ന സ്വര്‍ണ മത്സ്യം ആനന്ദിക്കുന്നത് പ്രിയപ്പെട്ടവനായ ഹിറ്റ്ലര്‍ അരികിലുള്ളപ്പോള്‍ മാത്രമായിരുന്നു. ബീഥോവന്‍റെ പിയാനോ സൊണാറ്റകളില്‍ അവള്‍ തന്‍റെ ഹൃദയത്തെ കോര്‍ത്തിട്ടു, അതിലൂടെ ഒഴുകിയെത്തുന്ന താളത്തില്‍ അവള്‍ പലപ്പോഴും പ്രിയനുമായി സംവദിച്ചു. ഉന്‍മത്തതയുടെ അനാദൃശമായ ഒരു ലോകം. അവളുടെ മുന്നില്‍ മാത്രം ഹിറ്റ്ലര്‍ ഒരു പുരുഷനായി. അല്ലാത്തപ്പോള്‍ അയാള്‍ അണിഞ്ഞിരുന്ന അഹങ്കാരത്തിന്‍റെ കാക്കി നിറം ഉടലില്‍ നിന്ന് വേര്‍പെടുന്നതു വരെ ഈവ അയാളില്‍ നിന്ന് അധികാരത്തിന്‍റെ ഗന്ധം മണത്തു കൊണ്ടിരുന്നു. 
ഒരിക്കല്‍ പോലും അവള്‍ എന്തുകൊണ്ട് പ്രിയപ്പെട്ടവനോട് "നീയെന്തിന്, ഇത്തരത്തില്‍ സാധാരണക്കാരനോട് പെരുമാറുന്നു" ചോദിച്ചില്ല. അവനിലെ ദേശ്ശീയതയുടെ ഉറച്ച ചുവടിനെ അവള്‍ വിശ്വസിച്ചിരുന്നു. അവന്‍, ശരിയാണെന്നും അവന്‍ മാത്രമാണ്, ശരിയെന്നും അവള്‍ ധരിച്ചു. പ്രണയിനികള്‍ അങ്ങനെയാണല്ലോ ആത്മാവിലും ശരീരത്തിലും ആധിപത്യം നേടുന്നവനെ അവനിലെ എല്ലാ ഗുണങ്ങളോടും ദോഷങ്ങളോടും എടുത്തണിയും. പിന്നെ ഒരു വേര്‍പെടുത്തലില്ല. ഉണ്ടെങ്കിലോ അത് മരണത്തിലൂടെ

ഈവയിലും അങ്ങനെ തന്നെ കാലം സംഭവിപ്പിച്ചു. പ്രണയത്തിന്‍റെ അവസാന നിമിഷങ്ങളില്‍ അധികാരത്തിനു വേണ്ടിയല്ലെങ്കിലും പ്രിയപ്പെട്ടവന്‍റെ പേരിനെ സ്വന്തമാക്കാനുള്ള അടങ്ങാത്ത ഉള്‍മോഹം കൊണ്ട് അവള്‍ ഹിറ്റ്ലറോട് തന്‍റെ മോഹം പറഞ്ഞു, " അങ്ങ് എന്നെ ഭാര്യയാക്കണം"
മരണത്തിന്‍റെ കാലൊച്ച അടുത്ത് വരുന്നത് അറിഞ്ഞിട്ടും റഷ്യന്‍ സൈന്യത്തിന്‍റെ കാലൊച്ചകളുടെ ഭീകരത തിരിച്ചറിഞ്ഞിട്ടും ഈവയുടെ ആ മോഹത്തെ പത്തു മിനിറ്റിന്‍റെ ദൈര്‍ഘ്യത്തില്‍ ഹിറ്റ്ലര്‍ സാധിച്ചു കൊടുത്തു. പിന്നെ പതിയെ പതിയെ അടുത്തു വന്ന മരണത്തിലേയ്ക്ക് ഇരുവരും ഒന്നിച്ച് നടന്നു കയറുമ്പോള്‍ ഈവ ആഗ്രഹിച്ചിട്ടുണ്ടാവുക ഇനിയുള്ള ജന്‍മത്തിലും തന്‍റെ പ്രണയം ഇവനായിരിക്കണേ എന്നു തന്നെയല്ലേ? അധികാരത്തിന്‍റെ ഭ്രം കയറിയ ഹിറ്റ്ലര്‍ അല്ല, പക്ഷേ ദേശ്ശീയതയെ കവിഞ്ഞ് മറ്റൊന്നും ഉയിരില്‍ കൊണ്ടു നടക്കാത്ത ആ പഴയ ഹിറ്റലര്‍ തന്നെ. അവന്‍റെ ഒറ്റപ്പെടല്‍ തനിക്കേ കാണാനായുള്ളൂ എന്ന് മരണ സമയത്തും അവള്‍ ഉറക്കെ പറഞ്ഞ് അവനോട് വിലപിച്ചിട്ടുണ്ടാകാം. ആ ഒറ്റപ്പെടലില്‍ ഔഷധമാകാനാണ്, തനിക്കിഷ്ടം എന്നും അവള്‍ മനസ്സിലോര്‍ത്തിരിക്കാം. 

അതുകൊണ്ടു തന്നെ പ്രണയങ്ങളുടെ പുനര്‍ജ്ജന്‍മമുണ്ടായാലും മൃത്യുദേവതയുടെ പുനരവതാരം ഉണ്ടാകില്ല. അവന്‍ പലരിലൂടെ മരിച്ചു ജീവിക്കും. അവളോ അവനെ അന്വേഷിച്ച് കാടായ കാറ്റും മലയായ മലയും തിരയും. ഒരിക്കല്‍ അവള്‍ അവനെ കണ്ട് തിരിച്ചറിയുമ്പോള്‍ ആ പുനരവതാരം കാശ്ച്ചയില്ലാതെ മലയുടെ തണുപ്പില്‍ ഏകാന്ത വാസത്തിലായിരിക്കും, പണ്ട് അവള്‍ കഴിഞ്ഞതു പോലെ. പിന്നീട് അവളും അവനോടൊപ്പം ചേര്‍ന്ന് ഒരു പുതിയ പിറവിയുണ്ടാക്കും. സമാധാനത്തിന്‍റെ ശാന്തിയുടേയും മതങ്ങള്‍ പറഞ്ഞ് ആ കുഞ്ഞുങ്ങള്‍ നഗരങ്ങളില്‍ പാടി നടക്കും. പക്ഷേ ഹിറ്റ്ലര്‍ ജനിച്ചു മരിച്ച തെരുവുകളില്‍ അവന്‍റെ ഇരകള്‍ കലാപ നൃത്തത്തിലായിരിക്കും. അവിടെ പ്രണയമില്ലാതെയാവുമെന്ന് ചരിത്രം കുറിക്കപ്പെടട്ടെ. 

No comments:

Post a Comment